ഗാന ഗന്ധര്‍വന്‍ യേശുദാസിന്റെ ശബ്ദവുമായുള്ള സാമ്യം യുവഗായകന് വരുത്തിയത് കനത്ത നഷ്ടം.

0
534

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സംസ്ഥാന അവാര്‍ഡില്‍ മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡാണ് അഭിജിത്ത് വിജയന്‍ എന്ന യുവഗായകന് കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടമായത്.’മായാനദി’ എന്ന ചിത്രത്തിലെ ഷഹനാസ് അമന്‍ പാടിയ ‘മിഴിയില്‍ നിന്നും മിഴയിലേയ്ക്ക്’ എന്ന ഗാനവും ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന സിനിമയില്‍ അഭിജിത്ത് വിജയന്‍ പാടിയ ‘കുട്ടനാടന്‍ കാറ്റ് ചോദിക്കുന്നു’ എന്ന ഗാനവുമാണ് മികച്ച ഗായകനെ തെരഞ്ഞെടുക്കാനുള്ള അവസാന റൗണ്ടില്‍ എത്തിയത്.

ഇതില്‍ ‘കുട്ടനാടന്‍ കാറ്റ് ചോദിക്കുന്നു’ എന്ന ഗാനം യേശുദാസ് പാടിയതാണ് എന്ന ധാരണയിലായിരുന്നു ജൂറി അംഗങ്ങള്‍ മുന്നോട്ടു പോയത്. എന്നാല്‍, ഇത് യേശുദാസിന്റേതല്ലെന്ന് അവസാന ഘട്ടത്തിലാണ് ജൂറി അംഗങ്ങള്‍ മനസിലാക്കിയത്. ഇതോടെ അഭിജിത്ത് യേശുദാസിനെ അനുകരിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്ന് ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെടുകയും മികച്ച ഗായകനുള്ള അവാര്‍ഡ് ഷഹനാസ് അമന് നല്‍കുകയുമായിരുന്നു.

അഭിജിത്തിന് മികച്ച ഗായകനുള്ള പുരസ്‌കാരം ലഭിക്കാനുള്ള എല്ലാ സാധ്യതകളും ഉണ്ടായിരുന്നുവെന്ന് ജൂറി അംഗവും സംഗീത സംവിധായകനുമായ ജെറി അമല്‍ ദേവ് പറയുന്നു. എന്നാല്‍, ഇദ്ദേഹം യേശുദാസിന്റെ ശബ്ദം അനുകരിക്കുകയാണെന്ന അഭിപ്രായം ജൂറി അംഗങ്ങള്‍ക്ക് ഇടയില്‍ ഉയരുകയായിരുന്നത്രേ.