മഞ്ജു വാര്യർ ചെങ്ങന്നൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ സി പി എം സ്ഥാനാര്‍ത്ഥി

0
1080

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരിൽ ബി ജെ പി സ്ഥാനാര്‍ത്ഥിയായി പി ശ്രീധരന്‍ പിള്ളയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി എം മുരളിയും എത്തിയതോടെ ഇനി സി പി എം സ്ഥാനാര്‍ത്ഥി ആരായിരിക്കും എന്നതിനെ ചൊല്ലിയാണ് ആകാം‌ക്ഷ നിലനില്‍ക്കുന്നത്. നേരത്തേ മഞ്ജു വാര്യര്‍ സി പി എം സ്ഥാനാര്‍ത്ഥിയാകുമെന്ന രീതിയില്‍ പ്രചരണങ്ങളുണ്ടായിരുന്നു. എന്നാല്‍ അങ്ങനെയൊരു ആലോചനയില്ലെന്ന് സി പി എം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ അറിയിച്ചതോടെയാണ് ആ അഭ്യൂഹത്തിന് വിരാമമായത്. താന്‍ രാഷ്ട്രീയരംഗത്തേക്കില്ലെന്ന സൂചന മഞ്ജുവും നല്‍കിയതോടെ ഈ വിഷയം ക്ലോസ് ചെയ്തതായിരുന്നു.

ഇതോടെ സജി ചെറിയാന്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചു. സി പി എം സജി ചെറിയാനെ ഇറക്കുമെന്ന് ഉറപ്പിച്ചാണ് കോണ്‍ഗ്രസ് തങ്ങളുടെ സ്ഥാനാര്‍ത്ഥിയായി എം മുരളിയെ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ സി പി എമ്മിന് ഈ സീറ്റ് എങ്ങനെയും നിലനിര്‍ത്തേണ്ടതുണ്ട്. അതിനാല്‍ ഒരു റിസ്കിനും പാര്‍ട്ടി തയ്യാറാകില്ല. സജി ചെറിയാന്‍ മത്സരിച്ചാല്‍ മത്സരം കടുത്തതാകുമെന്ന് ഉറപ്പാണ്. എം മുരളി മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ കെല്‍പ്പുള്ള സ്ഥാനാര്‍ത്ഥിയാണ്. കഴിഞ്ഞ തവണ 40000ലേറെ വോട്ടുപിടിച്ച പി എസ് ശ്രീധരന്‍ പിള്ള ഇത്തവണയും കളത്തിലുണ്ടെന്നതും സി പി എമ്മിനെ കുഴപ്പത്തിലാക്കുന്നു.

ഉപതെരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണമത്സരം നടക്കുമെന്ന സാഹചര്യത്തില്‍ അപ്രതീക്ഷിതമായ ഒരു നീക്കത്തിലൂടെ മണ്ഡലത്തിലെ ജനങ്ങളുടെ മുഴുവന്‍ ശ്രദ്ധയും നേടിയെടുക്കുക എന്ന തന്ത്രത്തിന് സി പി എം രൂപം കൊടുക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഏവരെയും ഞെട്ടിച്ചുകൊണ്ട് മഞ്ജു വാര്യരെ തന്നെ ഇറക്കാന്‍ സി പി എം ശ്രമിക്കുമെന്നാണ് വിവരം. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതായും വിവരങ്ങള്‍ ലഭിക്കുന്നു. എന്നാല്‍ ഔദ്യോഗികമായി ഇക്കാര്യം ആരും സ്ഥിരീകരിച്ചിട്ടില്ല.

മലയാളികളുടെ പ്രിയങ്കരിയായ മഞ്ജു വാര്യരെ മത്സരിപ്പിച്ചാല്‍ ഏക വനിതാ സ്ഥാനാര്‍ത്ഥി എന്നതും സെലിബ്രിറ്റി എന്നതും ആകര്‍ഷണ ഘടകമാണ്. മഞ്ജുവിന്‍റെ സാമൂഹ്യപ്രവര്‍ത്തനങ്ങളും സമൂഹത്തില്‍ അവര്‍ക്കുള്ള പ്രതിച്ഛായയും വിജയം അനായാസമാക്കുമെന്ന യാഥര്‍ത്ഥ്യവും നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ അപ്രതീക്ഷിത നീക്കത്തിന് അവസാനഘട്ടത്തില്‍ സി പി എം തയ്യാറാകാന്‍ സാധ്യതയുണ്ട്. മഞ്ജു വാര്യര്‍ ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയാകുകയാണെങ്കില്‍ അത് രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്ന ഒരു തെരഞ്ഞെടുപ്പായി മാറുകയും ചെയ്യും. എന്തായാലും സി പി എമ്മിന്‍റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് രാഷ്ട്രീയ കേരളം.