ദേശീയ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള വനിതകള്‍ ഫൈനലില്‍.

0
1061

ഇന്നലെ നടന്ന ആദ്യ സെമിഫൈനലില്‍ എതിരില്ലാത്ത മൂന്നു സെറ്റുകള്‍ക്ക്‌ അയല്‍ക്കാരായ തമിഴ്‌നാടിനെ പരാജയപ്പെടുത്തിയാണ്‌ ഫൈനല്‍ പ്രവേശനം. സ്‌കേര്‍ 25-14, 25-17, 25-21. കേരളത്തിന്റെ പുരുഷ ടീം ഇന്ന്‌ വൈകിട്ട്‌ അഞ്ചിന്‌ തമിഴ്‌നാടുമായി സെമിഫൈനലില്‍ ഏറ്റുമുട്ടും.

അഞ്‌ജു ബാലകൃഷ്‌ണന്റെ തകര്‍പ്പന്‍ സ്‌മാഷൊടെ ആദ്യ സെറ്റില്‍ ഒന്നാം പോയിന്റ്‌ കരസ്‌ഥമാക്കിയ കേരള വനിതാ ടീം തമിഴ്‌നാടിനെ കടുത്ത പ്രതിരോധത്തിലാക്കി മുന്നേറുകയായിരുന്നു.
ക്യാപ്‌റ്റന്‍ ജി.അഞ്‌ജുമോളും കെ.എസ്‌. ജിനിയും അഞ്‌ജലി ബാബുവും ചേര്‍ന്നൊരുക്കിയ പ്രതിരോധനിരയ്‌ക്ക്‌ മുന്നില്‍ തമിഴ്‌നാടിന്‌ അടിപതറി. എസ്‌.രേഖ തൊടുത്തുവിട്ട ശക്‌തമായ സെര്‍വുകളും അഞ്‌ജുമോളുടെ തകര്‍പ്പന്‍ സ്‌മാഷുകളും കെ.എസ്‌ ജിനിയുടെ നിര്‍ണായകമായ രണ്ടു പ്ലെയ്‌സിങ്ങുകളുമായതോടെ 25-14 ന്‌ ഒന്നാം സെറ്റ്‌ കേരളത്തിന്റെ കൈകളിലെത്തുകയായിരുന്നു.

രണ്ടാം സെറ്റില്‍ കെ.പി അനുശ്രീയുടെ സെര്‍വിലൂടെ ആദ്യ പോയിന്റലേക്ക്‌ കടന്ന കേരള രേഖയുടെയും അഞ്‌ജു ബാലകൃഷ്‌ണന്റെയും ശക്‌തമായ സ്‌മാഷുകളിലൂടെ മുന്നോട്ടുകയറി. കെ.പി അനുശ്രീയും അഞ്‌ജു ബാലകൃഷ്‌ണനും ചേര്‍ന്ന്‌ രണ്ടാം സെറ്റില്‍ ശക്‌തമായ പ്രതിരോധനിര തീര്‍ത്തു. അഞ്‌ജു ബാലകൃഷ്‌ണന്റെ പിഴയ്‌ക്കാത്ത പാസുകളും ലിബറോ അശ്വതി രവീന്ദ്രന്റെ സാഹസികയ സേവിങ്ങുകളും തമിഴ്‌നാടിനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കി.

നിര്‍ണായകമായ മൂന്നാം സെറ്റില്‍ തമിഴ്‌നാടിന്റെ ഉത്‌കര്‍ഷ സോനവൈനുംഎസ്‌.സംഗീതയും ഒരുക്കിയ പ്രതിരോധ നിരയ്‌ക്ക്‌ മുന്നില്‍ തുടക്കത്തില്‍ കേരളം പതറി. തമിഴ്‌നാടിന്റെ ലിബറോ ടി. ശരണ്യയുടെ സാഹസികമായ പ്ലെയ്‌സിങുകളും മൂന്നാം സെറ്റില്‍ കേരളത്തെ സമ്മര്‍ദത്തിലാക്കി.
പിന്നീട്‌ അഞ്‌ജുബാലകൃഷ്‌ണന്റെ നിര്‍ണായകമായ സ്‌മാഷോടെ മൂന്നാം സെറ്റില്‍ ഒന്നാം പോയിന്റിലേക്ക്‌ പ്രവേശിച്ച കേരള ടീം കെ.എസ്‌ ജിനിയുടെയും അഞ്‌ജുമോളുടെയും നേതൃത്വത്തില്‍ പ്രതിരോധ നിര ശക്‌തമാക്കി മുന്നോട്ടു കുതിക്കുകയായിരുന്നു.

നിര്‍ണായകമായ മൂന്നാം സെറ്റില്‍ കെ.പി അനുശ്രീയുടെ ഒരു സര്‍വും അഞ്‌ജലി ബാബുവിന്റെ രണ്ടു സര്‍വുകളും ലക്ഷ്യത്തിലെത്താത്തതു തമിഴ്‌നാടിന്‌ തുണയായി. ഇതിനിടയില്‍ ക്യാപ്‌റ്റന്‍ അഞ്‌ജുമോള്‍ക്ക്‌ പകരം എന്‍.എസ്‌ ശരണ്യ കളത്തിലിറങ്ങിയപ്പോള്‍ കേരളത്തിന്‌ വീണ്ടും ചുവടു പിഴച്ചു.
പോയിന്റ്‌ നില 7-7ന്‌ തമിഴ്‌നാട്‌ ഒപ്പം വന്നപ്പോള്‍ വീണ്ടും അഞ്‌ജുമോള്‍ കളത്തിലിറങ്ങുകയായിരുന്നു. ഇഞ്ചോടിഞ്ച്‌ പോരാട്ടത്തിലൂടെ മൂന്നാം സെറ്റില്‍ തമിഴ്‌നാട്‌ 20 പോയിന്റുകള്‍ക്ക്‌ മുകളില്‍ പ്രവേശിച്ചു. ഒടുവില്‍ കെ.എസ്‌ ജിനിയുടെ പിഴയ്‌ക്കാത്ത പ്ലേയ്‌സിങ്ങോടെ 25-21 മൂന്നാം സെറ്റിലും കേരളം വിജയം കരസ്‌ഥമാക്കി.